പുരാതന റോമിന്റെ പ്രതീകമാണ് 2,000 വർഷം പഴക്കമുള്ള റോമിലെ കൊളോസിയം. ലോകമെമ്പാടുമുള്ള ആളുകൾ ഈ അത്ഭുതസൃഷ്ടി കാണാൻ റോമിൽ എത്താറുണ്ട്. നിരവധി ക്രൈസ്തവർ രക്തസാക്ഷികളായി കൊല്ലപ്പെട്ട ഇടമാണ് കൊളോസിയം. എന്നാൽ, വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിനുള്ളിൽ ഒരു ‘രഹസ്യ കത്തോലിക്കാ ചാപ്പൽ’ ഉണ്ടെന്ന് പലർക്കും അറിയില്ല.
എഡി 80-നും നാലാം നൂറ്റാണ്ടിനും ഇടയിൽ കൊളോസിയത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ ആദരിക്കുന്നതിനായി പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ചാപ്പലാണിത്. ക്രിസ്തുമതം പരസ്യമായി അംഗീകരിക്കാതിരുന്ന ഒരു നാളിലായിരുന്നു ഈ ചാപ്പൽ പണികഴിപ്പിച്ചത് എന്നോർക്കണം. ഈ ചാപ്പൽ നിർമ്മിച്ചത് കൃത്യമായി എപ്പോഴാണെന്ന് വ്യക്തമല്ല. എന്നാൽ പോൾ നാലാമൻ മാർപാപ്പയുടെ (1555-1559) കാലത്ത് പതിനാറാം നൂറ്റാണ്ടിൽ തന്നെയാണ് എന്നതിന്റെ തെളിവുകൾ നിലനിൽക്കുന്നുണ്ട്.
റോമൻ കാലത്ത് ചെറിയ ആരാധനാലയങ്ങളെ വിവരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു വാക്ക് ‘എഡിക്യൂൾ’ എന്നാണ്. കൊളോസിയത്തിന്റെ 24-ാമത്തെ കമാനത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നതാണ് ഈ ചാപ്പൽ. ആവശ്യമായ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായി മുൻപ് ഉപയോഗിച്ചിരുന്നു. പോൾ നാലാമൻ മാർപാപ്പയുടെ കാലത്ത് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന ഈശോയുടെ പീഡാനുഭവ രഹസ്യങ്ങളെ ഇവിടെയാണ് അവതരിപ്പിച്ചിരുന്നത്.
‘ദൈവഭക്തിയുടെ മാതാവ്’ (മഡോണ ഓഫ് പീറ്റി) എന്ന പേരിലും ഈ ചാപ്പൽ അറിയപ്പെടുന്നുണ്ട്. പ്രായമായവരെയും രോഗികളെയും പരിപാലിക്കുക, പണം നൽകാൻ കഴിയാത്തവർക്ക് വൈദ്യസഹായം നൽകുക എന്നീ കാര്യങ്ങൾ ഇവിടെ നിന്നും ചെയ്തുകൊടുത്തിരുന്നു. സഹായസന്നദ്ധരായ കുറച്ചു സാധാരണക്കാരായ ആളുകളാണ് ഇപ്രകാരം ചെയ്തിരുന്നത്. സമ്പന്നകുടുംബങ്ങളിൽ നിന്നല്ലാത്ത സ്ത്രീകൾക്ക് സ്ത്രീധനം നൽകിയിരുന്നു. പിന്നീട് ഇവർ തന്നെ ഒരു സന്യാസവൈദികനെ ഈ ചാപ്പലിൽ ശുശ്രൂഷക്കായി നിയമിച്ചു. അങ്ങനെ അദ്ദേഹം റോമിലെ ഏറ്റവും പ്രശസ്തമായ, പുരാതന കെട്ടിടത്തിലെ ഏക താമസക്കാരനായി.
1870-കളിൽ, ചാപ്പൽ ഉൾപ്പെടെ മുഴുവൻ കൊളോസിയവും ഇറ്റാലിയൻ ഭരണകൂടം ഏറ്റെടുക്കുകയും പുരാവസ്തു ഗവേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. ആരാധനാലയം എന്ന നിലയിലുള്ള ശുശ്രൂഷകൾ ഈ ചാപ്പലിൽ നിർത്തി. എന്നാൽ 1936-ൽ ഈ ചാപ്പൽ, റോം ആസ്ഥാനമായുള്ള ഒരു സന്യാസ സമൂഹം ഏറ്റെടുത്തു. അവർ ഇത് ഇന്നും പരിപാലിക്കുന്നു. ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാൻ സമർപ്പിതരായ സാധാരണക്കാരുടെ വത്തിക്കാനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്റ് പീറ്റേഴ്‌സ് സർക്കിൾ ഇന്നും ദേവാലയം സംരക്ഷിക്കുന്നു. പ്രാദേശിക രൂപത ഈ ചുമതലക്കായി ഒരു വൈദികനെ നിയമിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ശനി, ഞായർ ദിവസങ്ങളിലും ഇവിടെ വിശുദ്ധ കുർബാന അർപ്പണം ഉണ്ട്.
Comments
Post a Comment